പതിമൂന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും

തൃശൂര്‍: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പോക്‌സോ കോടതി 32 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പൂമല സ്വദേശി നെല്ലുവായില്‍ ജോജോ(48)വിനെയാണ് ഫാസ്റ്റ്ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 32 വര്‍ഷത്തെ കഠിന തടവിനും 1,60,000 രൂപ പിഴ അടക്കാനുമാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ഉത്തരവ്. പോക്‌സോ നിയമം 5, 6 വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും 11, 12 വകുപ്പുകള്‍ പ്രകാരം രണ്ട് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയും ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പു പ്രകാരം 10 വര്‍ഷം കഠിന തടവിനും 50, 000 രൂപ പിഴയും ആണ് ശിക്ഷ.
പിഴയടച്ചില്ലെങ്കില്‍ തടവുശിക്ഷ 14 മാസം കൂടി അനുഭവിക്കേണ്ടി വരും. പിഴയടക്കുന്ന പക്ഷം പിഴ തുക ഇരയ്ക്ക് നല്‍കണമെന്നും വിധിന്യായത്തിലുണ്ട്. 2018ലാണ് കേസിനാസ്പദമായ സംഭവത്തിന്റ തുടക്കം. 2018 മുതല്‍ 2019 വരെ പലദിവസങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷന്റെ വാദം. കടയിലും ഉത്സവപ്പറമ്പിലുമായാണ് പ്രതി പീഡനം നടത്തിയത്. വടക്കാഞ്ചേരി എസ്.ഐ. ആയിരുന്ന സി. രതീഷ് ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ദുലാല്‍, സെല്‍വരാജ് എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ്കുമാര്‍ ഹാജരായി.