ഇടുക്കി സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം തടവിന് വിധിച്ച് കോടതി


ആലപ്പുഴ : ആലപ്പുഴ മങ്കൊമ്പ് പാലം പണിയുടെ ഭാഗമായെത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ ഇടയ്ക്ക് വെച്ച് ചീട്ടുകളി നിർത്തി പോയതിന്റെ വിരോധത്തിൽ ഇടുക്കി സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ വിധി. പ്രതിക്ക് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രേഖാ ലോറിയൻ 7 വർഷം കഠിന തടവും അമ്പതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം നെയാറ്റിൻകര കാരക്കോണം കോളനി വീട്ടിൽ ജയകുമാറിനെയാണ് ശിക്ഷിച്ചത്.
അതേസമയം 2019 മാർച്ച് മൂന്നിന് ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം നടന്നത്. ഒപ്പമുള്ള തൊഴിലാളിയെ അരിവാൾകൊണ്ട് പിന്നിൽ നിന്നും തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. വിധി പ്രസ്താവിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാതെ ഒളിവിൽപ്പോയ പ്രതിയെ പുളികുന്ന് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആനന്ദബാബു, എസ്‌സിപിഒമാരായ മിഥുൻ, പീറ്റർ, ഉണ്ണി, ജോസഫ് എന്നിവർ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി പ്രവീൺ ഹാജരായി.
