വെള്ളം ചോദിച്ചെത്തി ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചു ; പ്രതി പിടിയിൽ

65-year-old man arrested for raping and murdering four-year-old girl

 ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവന്റെ സ്വർണ്ണമാല കവർന്ന കേസിൽ പ്രതി പിടിയിൽ. ഇടുക്കി ചക്കുപള്ളം പയ്യാനിക്കൽ സ്വദേശി മനു കുഞ്ഞുമോൻ ആണ് അറസ്റ്റിലായത്. മോഷണത്തിന് ഒത്താശ ചെയ്തെന്ന സംശയത്തിൽ ഇയാളുടെ ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അണക്കര ചെല്ലാർകോവിൽ സ്വദേശിനി മേരിക്കുട്ടിയുടെ മാലയാണ് കവർന്നത്.

ഓഗസ്റ്റ് 6 വ്യാഴാഴ്ച പകൽ മേരിക്കുട്ടിയുടെ വീട്ടിലെത്തിയ മനു കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളമെടുക്കാനായി മേരിക്കുട്ടി അടുക്കളയിലേക്ക് തിരിഞ്ഞ സമയം നോക്കി പിന്നിൽ നിന്നുവന്ന് മാല പൊട്ടിച്ചെടുത്ത് ഇയാൾ കടന്നുകളഞ്ഞു. സംഭവമറിഞ്ഞ് പോലീസും നാട്ടുകാരും ഉടൻ പരിസരങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പറമ്പിലൂടെ സംശയകരമായ സാഹചര്യത്തിൽ ഒരാൾ നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ദിവസങ്ങൾക്ക് മുൻപ് മനു മേരിക്കുട്ടിയുടെ വീട്ടിൽ ജോലിക്കെത്തിയിരുന്നു.

മേരിക്കുട്ടി നൽകിയ സൂചനകളും, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളുടെ ചെരുപ്പിന്റെ അടയാളവും തമ്മിൽ ഒത്തുനോക്കിയാണ് പ്രതി മനുവാണെന്ന് പോലീസ് ഉറപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈകുന്നേരത്തോടെ ചക്കുപള്ളത്തെ വീടിന് സമീപത്തുനിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മേഖലയിൽ മുൻപും ഏലക്ക മോഷണത്തിലും പണം തട്ടിയ കേസുകളിലും പ്രതിയാണ് മനുവെന്ന് പോലീസ് അറിയിച്ചു. മോഷണം പോയ സ്വർണ്ണമാല വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Tags