കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിലായി വൻ ലഹരി വേട്ട
കോഴിക്കോട് : നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചത്. കല്ലാച്ചി വാണിമേൽ സ്വദേശി താഴെ ചെലങ്കണ്ടി വീട്ടിൽ ഷംസീറിനെ (36) അറസ്റ്റ് ചെയ്തു.
tRootC1469263">ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 17 വർഷത്തോളം വിദേശത്ത് ജോലിചെയ്ത് ആറുമാസം മുമ്പ് നാട്ടിലെത്തിയ പ്രതി നിലവിൽ പാലാഴിയിലെ ഭാര്യ വീട്ടിലാണ് താമസം.
ബെംഗളൂരു, ഗോവ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് ചെറുകിട വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ്. പൊലീസിന് സംശയം തോന്നാതിരിക്കാൻ ആശുപത്രികൾക്കടുത്തുള്ള ചെറിയ ലോഡ്ജുകളിലാണ് റൂം എടുക്കുക. ഇയാൾ കുറച്ചുകാലങ്ങളായി ഡാൻസഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
രണ്ടാമത്തെ സംഭവത്തിൽ കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിലെ പയ്യെടിത്താഴത്ത് വാടക വീട്ടിൽ വിമുക്തഭടനും യുവതിയുമടക്കം മൂന്നുപേർ 8.32 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. നല്ലളം ജയന്തി റോഡ് സ്വദേശി അഫ്സത്ത് മൻസിലിൽ മുഹമ്മദ് ഷാഫി (26), വിമുക്തഭടനും തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശിയുമായ ഒറ്റപ്പിലാവുള്ളതിൽ വീട്ടിൽ സിഗിൻ ചന്ദ്രൻ (36), മോഡലും ബ്യൂട്ടീഷ്യനുമായ കുറ്റ്യാടി മൊയിലോത്തറ സ്വദേശിനി കോയിലോത്തുംതറ വീട്ടിൽ ദിവ്യ (35) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസും ഡാൻസഫ് സംഘവും ചേർന്ന് പിടികൂടിയത്.
15 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ സിഗിൻ ചന്ദ്രൻ മുഹമ്മദ് ഷാഫിയുമായി സൗഹൃദത്തിലാകുകയും ഷാഫി സിഗിൻ ചന്ദ്രനെ ലഹരി വില്പനയുടെ വഴിയിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഇവന്റ് മാനേജ്മെന്റ് നടത്തിപ്പിനാണെന്ന് പറഞ്ഞ് ആറുമാസം മുൻപേ വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ മാളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു.
.jpg)


