വീട്ടിലെ പ്രസവത്തിൽ കുഞ്ഞ് മരിച്ചു ; ഒൻപത് മാസത്തിനുശേഷം മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധന

baby leg

 ചാവക്കാട് : എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് മരിച്ച നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹാവശിഷ്ടം ഒൻപത് മാസത്തിനുശേഷം പുറത്തെടുത്ത് പരിശോധന നടത്തി. മതിയായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്ന പരാതിയിൽ തൃശ്ശൂർ സബ്ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. തിങ്കളാഴ്ച രാവിലെ 10.30ഓടെ സബ്കലക്ടർ എഹ്തെദ മുഫസിറിന്റെ മേൽനോട്ടത്തിൽ പോലിസ് സർജൻ ഡോ. ടി എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രീയ പരിശോധനാ സംഘമാണ് എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പരിശോധന നടത്തിയത്. ശേഖരിച്ച സാമ്പിളുകൾ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചു. പരിശോധനയ്ക്കുശേഷം മൃതദേഹാവശിഷ്ടം അതേ സ്ഥലത്തുതന്നെ വീണ്ടും മറവുചെയ്തു.

ജനുവരി പത്തിനാണ് കുഞ്ഞ് മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികളൊന്നുമില്ലാതെയാണ് മൃതദേഹം അന്ന് മറവുചെയ്തത്. കുഞ്ഞിന്റെ മരണത്തിൽ പരാതി നിലനിൽക്കെ മാർച്ച് 19-ന് മാതാവ് മുഹ്സിന(37)യും മരിച്ചു. മുഹ്സിനയുടെ മരണത്തിൽ ഭർത്താവും കുഞ്ഞിന്റെ പിതാവുമായ ഇബ്രാഹി(43)മിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യക്കാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്. സയന്റിഫിക് ഓഫീസർ ലക്ഷ്മി കെ. രാധാകൃഷ്ണൻ, വിരലടയാളവിദഗ്ധരായ കെ പി ബാലകൃഷ്ണൻ, കെ മുഹമ്മദ് മുഹ്സിൻ, ചാവക്കാട് തഹസിൽദാർ കെ ടി ബാബു, പോലീസ് എസ്എച്ച്ഒ പ്രീതാ ബാബു എന്നിവരും പരിശോധന സംഘത്തിലുണ്ടായി.

Tags