ഹിമാചൽ പ്രദേശിൽ വിദേശ ദമ്പതികളുടെ നഗ്ന മൃതദേഹങ്ങൾ കണ്ടെത്തി

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് വിദേശ ദമ്പതികളുടെ നഗ്ന മൃതദേഹങ്ങൾ കണ്ടെത്തി. കുളുവിലെ പുണ്യനഗരമായ മണികരനിലെ കുളത്തിൽ നിന്ന് വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. റഷ്യൻ ദമ്പതികളാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നും കൊലപാതക ലക്ഷണങ്ങളിൽ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കൊലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ല. കുളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ വസ്തുക്കളിൽ നിന്നാണ് ഇരുവരും രഷ്യൻ സ്വദേശികളാകാമെന്ന നിഗമനത്തിലെത്തിയത്. യുവാവിന്‍റെ മൃതദേഹം കുളത്തിനകത്ത് നിന്നും യുവതിയുടേത് കുളക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇരുവർക്കും ഇരുപത് വയസിനോടടുത്ത് പ്രായമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
യുവാവിന്‍റെ കൈകളിലും കഴുത്തിലുമായി മുറിവേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. യുവതിയുടെ കൈകളിലും മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇത് മരണത്തിന് ഇടയാക്കുന്ന വിധത്തിൽ ആഴത്തിലുള്ളതല്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.ഇരുവരുടെയും മൃതദേഹങ്ങൾ പ്രാഥമിക പരിശോധനക്ക് ശേഷം പോസ്റ്റമാർട്ടത്തിന് കൈമാറി.