നിരോധിത പുകയില ഉൽപന്നങ്ങളുമായി കടന്നുകളയാൻ ശ്രമിച്ച സംഘത്തിന്റെ കാറിന് മുകളിൽ തൂങ്ങിക്കിടന്ന് ഹെഡ് കോൺസ്റ്റബിളിന്റെ സാഹസികത
ചെന്നൈ : കോയമ്പത്തൂരിനടുത്ത് വാഹനാപകട പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് നിരോധിത പുകയില ഉൽപന്നങ്ങളുമായി കടന്നുകളയാൻ ശ്രമിച്ച സംഘത്തിന്റെ കാറിന് മുകളിൽ തൂങ്ങിക്കിടന്ന് ഹെഡ് കോൺസ്റ്റബിളിന്റെ സാഹസികത. ഏകദേശം 300 കിലോയോളം നിരോധിത പുകയില വസ്തുക്കളുമായി കടക്കാൻ ശ്രമിച്ച സംഘത്തെയാണ് പൊലീസുകാരന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിവ് പരിശോധനയ്ക്കിടെ കാറിന്റെ പിൻഭാഗത്ത് ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ പുകയില ഉൽപന്നങ്ങൾ കണ്ടെത്തുകയായിരുന്നു. ചാക്കുകൾ പരിശോധിക്കാൻ ശ്രമിച്ചതോടെ സംഘം പൊലീസുകാരെ തള്ളിമാറ്റി വാതിലുകൾ അടച്ച് കാർ അതിവേഗം മുന്നോട്ട് എടുത്തു. ഈ സമയം പെട്ടെന്ന് പ്രതികരിച്ച ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ കാറിന്റെ മുകളിലേക്ക് ചാടിക്കയറുകയായിരുന്നു. പൊലീസുകാരനുമായി വാഹനം ഏകദേശം 40 കിലോമീറ്റർ ദൂരമാണ് അതിവേഗം സഞ്ചരിച്ചത്. ടോൾ പ്ലാസകൾ പോലും വകവെയ്ക്കാതെ പാഞ്ഞ കാറിന്റെ മുകളിൽ അപകടകരമായ രീതിയിൽ പൊലീസുകാരൻ കിടക്കുന്നത് കണ്ട് നിരവധി പേരാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.
ഒടുവിൽ അവിനാശി പൊലീസും ആംബുലൻസ് ജീവനക്കാരും ചേർന്ന് നടുറോഡിൽ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. കാർ തടഞ്ഞ ഉടൻ രണ്ടുപേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്നാമനെ സംഭവസ്ഥലത്ത് വെച്ചുതന്നെ പിടികൂടി. പിന്നീട് നടത്തിയ തിരച്ചിലിൽ മറ്റ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിൽ നിന്ന് ബെംഗളൂരു വഴി കോയമ്പത്തൂരിലേക്ക് പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതികളെ പിടികൂടാൻ സഹായിച്ച ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെയും ആംബുലൻസ് ജീവനക്കാരുടെയും ധീരതയ്ക്ക് വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്.
.jpg)

