ഹരിയാനയിൽ പതിനാറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

RAPE CASE

 ഹരിയാനയിലെ നുഹ് ജില്ലയിൽ പതിനാറ് വയസ്സുകാരിയായ പെൺകുട്ടിയെ അഞ്ച് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പോലീസ് വ്യക്തമാക്കി. ജൂൺ 6-ന് പുലർച്ചെ മുതൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. പിന്നീട് രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ മോട്ടോർ സൈക്കിളിൽ വീടിന് സമീപം ഇറക്കിവിട്ടതോടെയാണ് ക്രൂരമായ സംഭവത്തിന്റെ ചുരുളഴിയുന്നത്. പെൺകുട്ടിയുടെ വീടിനടുത്തുള്ള പലചരക്ക് കടക്കാരനായ ഷൗക്കീൻ എന്നയാൾ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മറ്റ് നാല് കൂട്ടാളികൾക്കൊപ്പം ചേർന്ന് ഈ ദാരുണമായ കൃത്യം ചെയ്തത്. ജൂൺ 5-ന് പെൺകുട്ടിയെ നിർബന്ധപൂർവ്വം കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഇവർ ക്രൂരതയ്ക്ക് ഇരയാക്കിയത്.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരവും ഐപിസിയിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാന പ്രതിയായ ഷൗക്കീനെ കൂടാതെ കണ്ടാലറിയാവുന്ന മറ്റ് നാല് പേർക്കെതിരെയും കേസ് ചാർജ് ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും ഒളിവിൽ പോയ മുഴുവൻ പ്രതികളെയും ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി പോലീസ് സംഘം വിവിധയിടങ്ങളിൽ കർശനമായ റെയ്ഡുകൾ നടത്തിവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags