ഗുവാഹത്തിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ; ഭർത്താവ് കീഴടങ്ങി
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെൽതോള മേഖലയിലെ അപാർട്ട്മെന്റിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. അറുത്തുമാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലും കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പൊലീസിന് മുന്നിൽ കീഴടങ്ങി.25കാരിയായ റിയ താൽക്കുദാർ ആണ് മരിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. യുവതി ബൂട്ടിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. ക്യാബ് ഡ്രൈവറാണ് ഭർത്താവ്.
ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വീട്ടിൽനിന്ന് ദുർഗന്ധം പുറത്തുവരുന്നതായി അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ അറിയിച്ചു. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ തറയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പരിശോധനക്കിടെ ഫ്രിഡ്ജിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ അറുത്തുമാറ്റിയ തലയും കണ്ടെത്തുകയായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
‘മൃതദേഹം അഴുകാൻ തുടങ്ങിയതിനാൽ 24 മുതൽ 48 മണിക്കൂർ മുമ്പാണ് കൊലപാതകം നടന്നത്. റഫ്രിജറേറ്ററിനുള്ളിലെ പോളിത്തീൻ ബാഗിൽ നിന്നാണ് തല കണ്ടെത്തിയത്’ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
.jpg)

