പൊതുസ്ഥലത്ത് ഭാര്യയെ സർവീസ് പിസ്റ്റൾ കൊണ്ട് വെടിവെച്ചുകൊന്ന് പൊലീസ് ഉദ്യോഗസ്ഥൻ

Minor girl raped; accused arrested by police

 ന്യൂഡൽഹി: ആളുകൾ നോക്കിനിൽക്കെ പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം ഭാര്യയെ വെടിവെച്ചുകൊന്നു. കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്. കുടുംബപരമായ തർക്കങ്ങളാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

പൊലീസ് നൽകുന്ന വിവരമനുസരിച്ച് കോൺസ്റ്റബിളും ഭാര്യയും തമ്മിൽ ദീർഘനാളായി വ്യക്തിപരമായ പല കാര്യങ്ങളിലും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ചയും ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത വാക്കേറ്റമുണ്ടായി. തുടർന്ന് ഇരുവരും ഒരു സ്കൂട്ടറിൽ പുറത്തേക്ക് പോയെങ്കിലും യാത്രാമധ്യേയും വഴക്ക് തുടരുകയായിരുന്നു.

തുടർന്ന് റോഡരികിൽ സ്കൂട്ടർ നിർത്തി ഇരുവരും ഇറങ്ങി സംസാരിക്കുന്നതിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കത്തിലേർപ്പെടുന്നത് കാണാം. ഇതിനിടയിൽ നിയന്ത്രണം വിട്ട കോൺസ്റ്റബിൾ തൻറെ കയ്യിലുണ്ടായിരുന്ന സർവീസ് പിസ്റ്റൾ എടുത്ത് ഭാര്യക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

കൃത്യം നിർവഹിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ രക്ഷപ്പെട്ടു. കിഴക്കൻ ഡൽഹിയിലെ ആൻറി തെഫ്റ്റ് സ്ക്വാഡിൽ സേവനമനുഷ്ഠിച്ചിരുന്ന കോൺസ്റ്റബിളാണ് ഈ ക്രൂരത ചെയ്തത്. പ്രതിയെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ രക്ഷപ്പെടാൻ സാധ്യതയുള്ള വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമാക്കാൻ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

Tags