ആസ്ട്രേലിയയിൽ തോക്കുമായി വിമാനത്തിൽ കയറിയ 17കാരൻ അറസ്റ്റിൽ
Mar 7, 2025, 18:55 IST


മെൽബൺ: തിരനിറച്ച തോക്കുമായി വിമാനത്തിൽ കയറിയ കൗമാരക്കാരൻ ആസ്ട്രേലിയയിൽ അറസ്റ്റിലായി. മെൽബണിൽ നിന്ന് 60 കിലോ മീറ്റർ അകലെ അവ്ലോൺ എയർപോർട്ടിലാണ് സംഭവം. യാത്രക്കാരും വിമാനത്തിലെ ജീവനക്കാരനും ചേർന്നാണ് കൗമാരക്കാരനിൽ നിന്നും തോക്ക് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ജെറ്റ്സ്റ്റാർ വിമാനത്തിലാണ് കൗമാരക്കാരൻ കയറിയത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ 160 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എട്ട് കുറ്റങ്ങളാണ് കൗമാരക്കാരനെതിരെ ചുമത്തിയിരിക്കുന്നത്. ആയുധം കൈവശം വെച്ചതിനും വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനും കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.