27 വർഷം പഴക്കമുള്ള പക; 78-കാരനെ വെട്ടിക്കൊന്ന് യുവാവ്
മുംബൈ: ഗുണ്ടാസംഘാംഗത്തെ കുറിച്ച് പോലീസിന് വിവരംനൽകിയയാളെന്ന് സംശയിക്കുന്ന 78-കാരനെ 27 വർഷത്തിനുശേഷം കൊലപ്പെടുത്തി യുവാവ് . പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാസംഘാംഗം സാദിഖ് കാലിയയുടെ അനന്തരവനായ സാദിഖ് ജാവറാണ് (29) പകവീട്ടിയത്. കൂട്ടാളി നൗഷാദ് മിഥാനിയുമായി ചേർന്ന് ഈ ആഴ്ചയാദ്യം ദക്ഷിണ മുംബൈയിലെ നാഗ്പാഡ പ്രദേശത്തുവെച്ചാണ് പോലീസിന് വിവരംനൽകിയെന്ന് സംശയിക്കുന്ന ഇഖ്ബാൽ ഇബ്രാഹിം സെലിയയെ കൊലപ്പെടുത്തിയത്.
സാദിഖ് കാലിയ മരിക്കുമ്പോൾ രണ്ടുവയസ്സായിരുന്നു സാദിഖ് ജാവറുടെ പ്രായം. 27 വർഷം മുൻപ് പോലീസിന് വിവരംനൽകിയത് സെലിയയാണെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്. ഏപ്രിൽ 20-ന് വൈകുന്നേരം ഭാര്യയും മകനും പുറത്തായിരുന്നപ്പോൾ ജാവറും മിഥാനിയും സെലിയയുടെ വീട്ടിൽ പ്രവേശിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നാഗ്പാഡ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും ക്രൈംബ്രാഞ്ചിന്റെ യൂണിറ്റ് മൂന്ന് സമാന്തര അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് പ്രതികളെയും നാഗ്പുരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
.jpg)

