മകന്റെ 17 വയസ്സുകാരിയായ പെൺസുഹൃത്തിനെ വീട്ടിലെത്തി അധിക്ഷേപിക്കുകയും ജീവനൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സംഭവം ; സ്ത്രീ അറസ്റ്റിൽ
ഗാന്ധിനഗർ: മകന്റെ 17 വയസ്സുകാരിയായ പെൺസുഹൃത്തിനെ വീട്ടിലെത്തി അധിക്ഷേപിക്കുകയും ജീവനൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഗുജറാത്തിൽ സ്ത്രീ അറസ്റ്റിൽ. അഹമ്മദാബാദിലെ സർഖേജ് പ്രദേശത്താണ് സംഭവം. ഓഗസ്റ്റ് 31-നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് സർഖേജ് പോലീസ് നടപടിയെടുത്തത്.
പെൺകുട്ടിയും അറസ്റ്റിലായ സ്ത്രീയുടെ മകനും സഹപാഠികളായിരുന്നു. അടുപ്പത്തിലായ ഇവരെ സ്‌കൂൾ പരിസരത്ത് ഒരുമിച്ച് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ വീട്ടിലറിയിച്ചതിന് പിന്നാലെ സ്ത്രീ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. മകനെ യഥാർത്ഥത്തിൽ പ്രണയിക്കുന്നുണ്ടെങ്കിൽ തൂങ്ങിമരിക്കാനും മാതാപിതാക്കളുടെ കാര്യം താൻ നോക്കിക്കോളാമെന്നും പറഞ്ഞ് അരമണിക്കൂറോളം പെൺകുട്ടിയെ ഇവർ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയും ആരോപണവിധേയയായ സ്ത്രീയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും, സ്ത്രീ വീട്ടിലെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പെൺകുട്ടിയുടെ കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്.
.jpg)

