ചട്ടുകം ചൂടാക്കി പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു; പത്തനംതിട്ടയിൽ പന്ത്രണ്ടുകാരനെ കൊല്ലാക്കൊലചെയ്ത് പിതാവ്
പത്തനംതിട്ട: ചട്ടുകം ചൂടാക്കി കൈയിൽവെച്ച് പൊള്ളിച്ചും തല ഭിത്തിയിൽ ഇടിപ്പിച്ചും 12-കാരന് നേരെ പിതാവിന്റെ ക്രൂരത . അഴൂരിലാണ് ആറുവർഷമായി തുടർന്ന പീഡനം. പിതാവും മകനുംമാത്രമാണ് വീട്ടിൽ താമസം. കുട്ടിയുടെ ചെറുപ്പത്തിലേ അച്ഛനും അമ്മയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. തുടർന്ന് പിതാവിന്റെ സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞത്.
tRootC1469263">
2019 മുതലാണ് കുട്ടിയ്ക്കുനേരേ ക്രൂരപീഡനം തുടങ്ങിയത്. ശിശുക്ഷേമസമിതിയുടെ നിർദേശത്തെത്തുടർന്ന് പത്തനംതിട്ട വനിതാ പോലീസ്, കുട്ടിയുടെ പിതാവിനെതിരേ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയെ വടികൊണ്ട് അടിക്കുകയും ഇടതുകൈയിൽ ചട്ടുകം വെച്ച് പൊള്ളിക്കുകയുമായിരുന്നു. പ്ലാസ്റ്റിക് കയർ നാലായി മടക്കികെട്ടി പുറത്തും നടുവിനും അടിച്ച് മുറിവുണ്ടാക്കി. കൈ പിടിച്ച് ഭിത്തിയിൽ ഇടിച്ചുവെന്നും എഫ്ഐആറിലുണ്ട്. കഴിഞ്ഞദിവസം പിതാവിന്റെ ക്രൂരത സഹിക്കാനാവാതെ കുട്ടി കരഞ്ഞുകൊണ്ട് അയൽവീട്ടിൽ ഓടിക്കയറി. അവർ സ്കൂളിൽ അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈനിലേക്കും ശിശുക്ഷേമ സമിതിയിലേക്കും അറിയിപ്പ് പോകുകയായിരുന്നു. കുട്ടിയുടെ സംരക്ഷണം 25 മുതൽ ജില്ലാ ശിശുസംരക്ഷണസമിതി ഏറ്റെടുത്തു.
പിതാവിനോടുള്ള കടുത്ത ഭയത്തിലായിരുന്നു കുട്ടി. പീഡനം പുറത്തുപറഞ്ഞാൽ വീണ്ടും മർദനം ഏൽക്കേണ്ടിവരുമെന്നും ഭയപ്പെട്ടു. മാനസികാഘാതം നേരിട്ട കുട്ടിക്കു ആവശ്യമായ സംരക്ഷണവും കൗൺസലിങ്ങും ശിശുക്ഷേമസമിതി ഉറപ്പാക്കി. വിദേശത്തായിരുന്ന അമ്മ പലപ്പോഴായി നാട്ടിലെത്തി മകനെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇവർ വെള്ളിയാഴ്ച നാട്ടിലെത്തും. ഇതിനുശേഷം കുട്ടിയുടെ തുടർസംരക്ഷണം സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് ജില്ലാ ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. പേരൂർ സുനിൽ പറഞ്ഞു.
.jpg)

