വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോം വഴി തട്ടിപ്പ് ; അക്കൗണ്ടന്റിന് നഷ്ടമായത് 4.12 കോടി രൂപ

Retired judge of Kerala High Court lost 90 lakhs in online trading scam

 രാജ്‌‌കോട്ട്: ഓഹരി വിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോം വഴി 32-കാരനായ അക്കൗണ്ടന്റിൽ നിന്ന് 4.12 കോടി രൂപ തട്ടിയെടുത്തു. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ മിതേഷ് എന്നയാളാണ് ‘ഹലോ ട്രേഡ്സ്’ എന്ന വ്യാജ പ്ലാറ്റ്‌ഫോമിലൂടെ തട്ടിപ്പിനിരയായത്. സംഭവത്തിൽ രാജ്‌കോട്ട് ഇക്കണോമിക് ഒഫൻസ് വിങ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2021-ൽ സോഷ്യൽ മീഡിയ വഴിയാണ് മിതേഷ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ നരേഷ് സേവക്രാമനിയെ പരിചയപ്പെടുന്നത്. കമ്മീഷൻ വാങ്ങാതെ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് പഠിപ്പിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച നരേഷ്, മിതേഷിന് വിവിധ ട്രേഡിങ് ലിങ്കുകൾ അയച്ചുകൊടുത്തു. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ച മിതേഷ്, 2024-ൽ കൂടുതൽ തുക നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് നരേഷ് നൽകിയ ‘ഹലോ ട്രേഡ്‌സ്’ എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി അക്കൗണ്ട് ആരംഭിച്ച മിതേഷ്, ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയാണ് നിക്ഷേപം നടത്തിയിരുന്നത്. ഹലോ ട്രേഡ്, സിദ്ധി വിനായക് എന്റർപ്രൈസ്, പാസിഫൈ ഇൻഫ്രാ, വിസ്‌ബോഡ് സോഫ്റ്റ്‌വെയർ തുടങ്ങിയ വിവിധ കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കും ക്യു.ആർ കോഡുകളിലേക്കും പണം അയച്ചുനൽകി. പണം അയച്ചതിന്റെ സ്‌‌ക്രീൻഷോട്ടുകൾ വാട്‌സ്ആപ്പിൽ നൽകിയതോടെ, പ്ലാറ്റ്ഫോമിലെ അക്കൗണ്ട് ബാലൻസായി ഈ തുക കാണിച്ചുപോന്നു.

2024 മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആകെ 6,35,47,843 രൂപയാണ് മിതേഷ് നിക്ഷേപിച്ചത്. ഇതിൽ 4,23,15,169 രൂപ വിവിധ ഘട്ടങ്ങളിലായി തിരികെ ലഭിച്ചിരുന്നു. എന്നാൽ 2026 ഫെബ്രുവരിയിൽ പ്ലാറ്റ്ഫോമിൽ 2 കോടി രൂപ ലാഭവും ബാക്കി 2 കോടി രൂപ നിക്ഷേപത്തുകയും കാണിച്ചതിനെ തുടർന്ന് തുക ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ സാങ്കേതിക തടസ്സം കാണിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉടൻ ശരിയാക്കിത്തരാമെന്ന് നരേഷ് പറഞ്ഞെങ്കിലും പിന്നീട് ഫോൺ കോളുകളോട് പ്രതികരിക്കാതായി. മുതലും ലാഭവും ഉൾപ്പെടെ ആകെ 4,12,33,655 രൂപയാണ് മിതേഷിന് നഷ്ടപ്പെട്ടത്.

മിതേഷിന്റെ പരാതിയിൽ നരേഷ് സേവക്രാമനിക്കും പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ട് ഉടമകൾക്കുമെതിരെ രാജ്‌കോട്ട് ഇ.ഒ.ഡബ്ല്യു കേസ് രജിസ്റ്റർ ചെയ്തു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags