നടത്തിയത് മുപ്പതിലധികം അവയവമാറ്റ ശസ്ത്രക്രിയ ; വ്യാജ ഡോക്ടർ പിടിയിൽ
കാൺപൂർ: പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രം യോഗ്യതയുള്ള യുവാവ് ഡോക്ടറായി ചമഞ്ഞ് മുപ്പതിലധികം അവയവമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ ഞെട്ടിക്കുന്ന സംഭവം പുറത്ത്. അവയവമാറ്റ റാക്കറ്റിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാർദോയ് സ്വദേശി രോഹിത് തിവാരിയെയാണ് (34) പോലീസ് പിടികൂടിയത്. ഏറെ നാളായി ഒളിവിലായിരുന്ന ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2018 മുതൽ ഡോക്ടറായി ചമഞ്ഞ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു രോഹിത്. മീററ്റിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന പരിചയം വെച്ചാണ് ഇയാൾ റാക്കറ്റ് രൂപീകരിച്ചത്. മറ്റ് ഡോക്ടർമാരെയും സഹായികളെയും ഉൾപ്പെടുത്തി സംഘടിതമായാണ് ഇയാൾ ശസ്ത്രക്രിയകൾ ഏകോപിപ്പിച്ചിരുന്നത്. വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് മുപ്പതിലധികം ശസ്ത്രക്രിയകൾ ഇത്തരത്തിൽ നടത്തിയതായി പോലീസ് കണ്ടെത്തി. റാക്കറ്റിലെ ഓരോ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്തിരുന്നത് രോഹിത്തായിരുന്നുവെന്ന് കാൺപൂർ ഡെപ്യൂട്ടി കമ്മീഷണർ എസ്.എം. ഖാസിം അബീദി പറഞ്ഞു.
മീററ്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൈഭവ് മുദ്ഹൽ, ഡോ. അലി, അഫ്സൽ എന്നിവരാണ് ഈ സംഘത്തിലെ മറ്റ് പ്രധാനികൾ. രോഹിത് ഏർപ്പാടാക്കുന്നതനുസരിച്ച് ഇവർ വിവിധ സ്ഥലങ്ങളിലെത്തി ശസ്ത്രക്രിയകൾ നടത്തുകയായിരുന്നു പതിവ്. നിലവിൽ ഒളിവിലുള്ള ഈ സംഘാംഗങ്ങൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒരു അന്തർസംസ്ഥാന അവയവമാറ്റ റാക്കറ്റിലേക്കാണ് ഈ അറസ്റ്റ് വിരൽ ചൂണ്ടുന്നത്. ഇയാൾ ഇതിനോടകം എത്രത്തോളം ആളുകളെ ചതിയിൽപ്പെടുത്തിയിട്ടുണ്ടെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
.jpg)

