സ്കൂൾ പ്രവേശനത്തിന് വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്; വീട്ടിലെ പ്രിന്ററും ലാപ്ടോപ്പും ഉപയോഗിച്ച് തട്ടിപ്പെന്ന് പൊലീസ്
ഡൽഹിയിൽ സ്കൂൾ പ്രവേശനത്തിനായി വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയെന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സദർ ബസാർ സ്വദേശിയായ ഷരീഖാണ് പിടിയിലായത്. സർക്കാർ ആശുപത്രി നൽകിയതെന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി ചില കുട്ടികളുടെ പ്രവേശന നടപടികളിൽ ഉപയോഗിച്ചെന്നാണ് പൊലീസ് ആരോപണം.
ചാണക്യപുരിയിലെ ഒരു സ്കൂളിൽ സമർപ്പിച്ച മൂന്ന് സർട്ടിഫിക്കറ്റുകളിലും ഒരേ തരത്തിലുള്ള വിവരങ്ങളും രൂപകൽപ്പനയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് സ്കൂൾ അധികൃതർ രേഖകളുടെ ആധികാരികത പരിശോധിക്കാൻ പൊലീസിനെ സമീപിച്ചു. ലോക് നായക് ആശുപത്രി നൽകിയതെന്ന പേരിലുള്ള സർട്ടിഫിക്കറ്റുകൾ ആശുപത്രി അധികൃതർ നൽകിയിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
വീട്ടിലെ പ്രിന്ററും ലാപ്ടോപ്പും ഉപയോഗിച്ചാണ് രേഖകൾ തയ്യാറാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രക്ഷിതാക്കൾക്ക് വ്യാജരേഖയാണെന്ന് അറിവുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
.jpg)

