നൈജീരിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണം തട്ടി ; കോട്ടയം സ്വദേശി അറസ്റ്റിൽ


നൈജീരിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണം തട്ടിയ കോട്ടയം സ്വദേശിയെ വിഴിഞ്ഞം പൊലീസ് പിടിയിൽ. കോട്ടയം പുതുപ്പള്ളി ചിറക്കോട് ഹൗസിൽ ഡോൺ സൈമൺ (57) ആണ് അറസ്റ്റിലായത്.
വെങ്ങാനുർ സ്വദേശികളായ അഭിജിത്, അരുൺ എന്നിവരിൽ നിന്നായി ഒരു ലക്ഷം രൂപ തട്ടിയ പരാതിയിലാണ് അറസ്റ്റ്. എറണാകുളം വൈറ്റില സിൽവർ ഐലൻറിലെ ഫ്ലാറ്റിൽ മാസം മുപ്പതിനായിരം രൂപ വാടകക്ക് താമസിക്കുന്ന ഇയാൾ കെമിൽകയ ഏവിയേഷൻ എന്ന അന്താരാഷ്ട്ര കമ്പനിയുടെ ഡയറക്ടർ എന്ന പേരു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
അതേസമയം പ്രതി നിരവധി പേരിൽ നിന്ന് തട്ടിപ്പ് നടത്തിയതായും പോലീസ് സംശയിക്കുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം സ്റ്റേഷൻ എസ്.എച്ച്.ഒ പ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വൈറ്റിലയിലെ ഫ്ലാറ്റിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തേടി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുപോലും ആൾക്കാർ എത്തിയിരുന്നതായും നാട്ടുകാർ പോലീസിനെ അറിയിച്ചു.