എറണാകുളത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ
എറണാകുളം : കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.ആളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.
വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന കാർ. മുഖംമൂടി ധരിച്ച് കാറിനടുത്തേക്ക് എത്തുന്ന അജ്ഞാതൻ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വന്നപാടെ അജ്ഞാതൻ കയ്യിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് കാറിൻറെ ചില്ലിന് ഇടി തുടങ്ങി. ഇടിച്ചിടിച്ചിടിച്ച് ചില്ല് തകർത്തു. കോതമംഗലം സബ് സ്റ്റേഷൻ പടിക്ക് സമീപത്തെ താമസക്കാരൻ അരുൺ രാജീവിൻറെ വീട്ടിലായിരുന്നു ഈ അതിക്രമം. കാറിന് നേരെ നടന്ന അക്രമമത്രയും സിസിടിവിയിൽ പതിഞ്ഞെങ്കിലും അക്രമിയുടെ മുഖം മാത്രം തെളിഞ്ഞില്ല. വീടും ചുറ്റുപാടും നന്നായറിയുന്നവരാരെങ്കിലുമാവാം ഇതെന്ന് പൊലീസ് സംശയിക്കുന്നു.
.jpg)

