എറണാകുളത്ത് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയില്‍

തൃപ്പൂണിത്തുറ : പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയില്‍. പിറവം ചെറുവേലിക്കുടിയില്‍ ജിത്തു എന്ന ജിതേഷിനെയാണ് (20) ഹില്‍പാലസ് പൊലീസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ കുറുപ്പന്തറ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരനെ ഹോളോബ്രിക്സിന് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലായി നിരവധി വാഹന മോഷണക്കേസുണ്ട്.
ഹില്‍പാലസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണക്കേസില്‍ കഴിഞ്ഞ 12ന് കോട്ടയം കോതനല്ലൂര്‍, ഓമല്ലൂര്‍ ഭാഗത്തുനിന്ന് അറസ്റ്റു ചെയ്തിരുന്നു. തെളിവെടുപ്പിന് വെമ്പിളളി എന്ന സ്ഥലത്ത് എത്തിച്ച സമയം പൊലീസ് കസ്റ്റഡിയില്‍നിന്ന് വിലങ്ങോടുകൂടി കടന്നുകളയുകയായിരുന്നു. സുഹൃത്തായ ഒരാളില്‍നിന്ന് വാങ്ങിയ മഴു ഉപയോഗിച്ച് റെയില്‍വേ ലൈനില്‍വെച്ച് കൈവിലങ്ങ് വെട്ടിമാറ്റുകയും ചെയ്തു.
തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും പലതവണ പൊലീസിനെ വെട്ടിച്ചുകടന്നു. തുടര്‍ന്ന് പ്രതി ഏതോ വഴിയാത്രക്കാരന്റെ ഫോണില്‍നിന്ന് കാമുകിയെ വിളിച്ച് കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ പൊലീസ് കാമുകിയുമായി റെയില്‍വേ സ്റ്റേഷനില്‍ എത്തി. റെയില്‍വേ സ്റ്റേഷന് പരിസരത്ത് പര്‍ദ ധരിച്ചെത്തിയ മഫ്തി പൊലീസിനെ ഉപയോഗിച്ചാണ് ഇയാളെ പിടികൂടിയത്.