എലിക്കുളത്ത് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

പൊന്‍കുന്നം: എലിക്കുളം കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. പൂവരണി ചെങ്കൽ ഭാഗത്ത് ഇട്ടിക്കുന്നേൽ വീട്ടിൽ ആദർശ് ബിനോയിയെയാണ് (20) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരിയിൽ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇടമറ്റം പൊന്മല ഉത്സവത്തിന്റെ ഗാനമേളക്കിടയിൽ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെ തുടർന്നാണ് ഇവർ യുവാക്കളെ ആക്രമിച്ചത്. തുടര്‍ന്ന് ഒമ്പതോളം പ്രതികളെ പിടികൂടിയിരുന്നു. ഒളിവിലിരുന്ന ഇയാളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു. പൊൻകുന്നം എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐ എം.ഡി. അഭിലാഷ്, എ.എസ്.ഐ ഷീന മാത്യു, സി.പി.ഒ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.