മദ്യലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി
തൃശൂർ: മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂർ പറ്റിഞ്ഞാറ്റേതിൽ അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. കോട്ടയം കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സാജൻ ചാക്കോ (39) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തൃത്തല്ലൂർ മൊളുബസാറിലെ താമസ സ്ഥലത്താണ് സംഭവം.
മദ്യലഹരിയിൽ ഇരുവരും തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഒന്നാംനിലയിൽനിന്ന് അനിൽകുമാറിനെ സാജൻ ചാക്കോ തള്ളി താഴേക്കിടുകയും താഴേക്കിറങ്ങിവന്ന് സാജൻ ചാക്കോ സിമെന്റ് ഇഷ്ടികകൊണ്ട് അനിൽകുമാറിനെ തലയിലും നെഞ്ചിലും ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സ്ഥാപന ഉടമയെ ഇയാൾതന്നെ വിവരമറിയിച്ച് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൊളുബസാറിൽ തന്നെയുള്ള സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവർമാരാണ് കൊല്ലപ്പെട്ട അനിൽകുമാറും പ്രതി സാജൻ ചാക്കോയും. നാലു മാസം മുമ്പ് സാജൻ ചാക്കോയാണ് അനിൽകുമാറിനെ ഈ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നത്. സാജൻ ചാക്കോ ഇവിടെ ജോലിക്ക് കയറുംമുമ്പ് വാടാനപ്പള്ളിയിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിരുന്നു.
വാടാനപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബി.എസ്. ബിനു, സബ് ഇൻസ്‌പെക്ടർമാരായ ശ്രീലക്ഷ്മി, റഫീഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അമൽ എന്നിവർ ചേർന്ന് സംഭവസ്ഥലത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
.jpg)


