ഇങ്ങനെയേ സംഭവിക്കൂവെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു ; കുറ്റപത്രത്തിൽ നിന്നും ആര്യ രാജേന്ദ്രനേയും സച്ചിൻദേവിനേയും ഒഴിവാക്കിയതിൽ പ്രതികരണവുമായി ഡ്രൈവർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനേയും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻദേവിനേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണവുമായി ഡ്രൈവർ യദു. ഇങ്ങനെയേ സംഭവിക്കൂവെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. നിയമപരമായി ഇനിയും മുന്നോട്ടു പോകും. പ്രൈവറ്റ് ബസിൽ ലീവ് വേക്കൻസിയിലാണ് ഇപ്പോൾ ഓടുന്നത്. കെഎസ്ആർടിസിയിൽ തിരിച്ചെടുത്തിട്ടില്ല. ഇത്രയും പ്രശ്‌നമുണ്ടാക്കിയ മേയറും എംഎൽഎയും നല്ല പോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. കെഎസ്ആർടിസി ബസ് ഓടിച്ചുവെന്ന കുറ്റമേ ചെയ്തിട്ടുള്ളൂ. പാവങ്ങളുടെ പാർട്ടി എന്നാണ് കമ്മ്യൂണിസ്റ്റിനെ പറയുന്നത്, പക്ഷേ തന്നെ ഒരുപാട് ദ്രോഹിച്ചെന്നും യദു പറഞ്ഞു. മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻദേവും പ്രതികളല്ലെന്നാണ് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കറ്റോൺമെന്റ് പോലിസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതി.

tRootC1469263">

2024 ഏപ്രിൽ 27ാം തിയ്യതി രാത്രി പാളയത്തു വച്ചാണ് കേസിനാസ്പദമായ സംഭവം. അന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവർ യദുവുമായി മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും വാക്കു തർക്കത്തിലേർപ്പെട്ടത് വലിയ വിവാദമായിരുന്നു. മേയർ അടക്കം സഞ്ചരിച്ച വാഹനത്തിനു നേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണ് ഇരുവരും ചെയ്തതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി. ഒരു കുറ്റത്തെ നേരിടുന്നത് മറ്റൊരു കുറ്റമായി കണക്കാക്കേണ്ടതില്ല എന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പോലിസ് കുറ്റപത്രം സമർപ്പിച്ചത്.

Tags