ഗുജറാത്തിൽ ദൃശ്യം മോഡൽ കൊലപാതകം, 13 മാസത്തിന് ശേഷം കിണറ്റിൽ നിന്ന് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി


അഹ്മദാബാദ്: ദൃശ്യം സിനിമയുടെ മോഡലിൽ നടന്ന കൊലപാതകക്കേസിന് തുമ്പുണ്ടാക്കിയിരിക്കുകയാണ് ഗുജറാത്ത് പൊലീസ്. 13മാസം മുമ്പ് കാണാതായ സ്ത്രീയെ കണ്ടെത്താനുള്ള അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുൾ നിവർത്തിയത്. മാസങ്ങളോളം അന്വേഷണ സംഘത്തെ കബളിപ്പിച്ചു നടന്ന ഹാർദിക് സുഖാദിയ(28)യെ നിരന്തരം നിരീക്ഷിച്ചാണ് പൊലീസ് വലയിലാക്കിയത്.
പ്രതിയുമായുള്ള തെളിവെടുപ്പിനിടെ ഗുജറാത്തിലെ ഉൾപ്രദേശത്തുള്ള കിണറ്റിൽ നിന്ന് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. കാണാതായ സ്ത്രീയുടെ അസ്ഥികൂടമാണ് ഇതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ജുനാഗഢ് ജില്ലയിൽ താമസിക്കുന്ന ദയ സാവലിയ(35) യാണ് മരിച്ചത്. 2024 ജനുവരി രണ്ടുമുതൽ ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഭർത്താവ് വല്ലഭ് ആണ് വിസവദാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ദമ്പതികൾക്ക് 11 വയസുള്ള മകനുണ്ട്.
അന്ന് രാവിലെ ഒമ്പതിനാണ് ദയ വീട്ടിൽ നിന്ന് ഇറങ്ങിയത്. കൈയിൽ സ്വർണവും 9.60 ലക്ഷം രൂപയുടെ പണമടങ്ങിയ ബാഗുമുണ്ടായിരുന്നു. മകനെ കൂട്ടാതെയായിരുന്നു ദയ വീട്ടിൽ നിന്നിറങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ ദയയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
അന്വേഷണത്തിനിടെ ദയക്ക് ഹർദിക് സുഖാദിയ എന്ന വ്യക്തിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. ഇവരുടെ ഗ്രാമത്തിൽ തന്നെയാണ് ഹാർദികും താമസിച്ചിരുന്നത്. ഇയാൾ തന്നെയാണ് ദയയുടെ കാണാതാകലിന് പിന്നിലെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. എന്നാൽ മറ്റൊരു കഥ മെനഞ്ഞ് ഹാർദിക് അവരെ വഴിതെറ്റിച്ചു. ദയക്ക് രാഹുൽ എന്ന് പേരുള്ള മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളോടൊപ്പം ഒളിച്ചോടിയതാണെന്നും അന്വേഷണ സംഘത്തെ വിശ്വസിപ്പിച്ചു. താൻ നിരപരാധിയാണെന്ന് ആവർത്തിച്ച ഹാർദിക് പൊലീസ് നിരീക്ഷണത്തിൽ പെടാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിർത്തി.

ഇടക്ക് പൊലീസ് ഇയാളെ ശബ്ദവിശകലന പരിശോധനക്കും വിധേയനാക്കി. അതിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാൽ കൃത്യമായി തെളിവിന്റെ അഭാവവും സാക്ഷികളില്ലാത്തതും ഹാർദിക്കിന് രക്ഷപ്പെടാൻ വഴിയൊരുക്കി. അതിനിടെ ദയയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സാങ്കേതിക-സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഹാർദിക്കിനെ വീണ്ടും ചോദ്യം ചെയ്തു. ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ ഹാർദിക് കുറ്റം സമ്മതിക്കുകയായിരുന്നു