കുവൈത്തിൽ സ്പോൺസർക്ക് നേരെ ഗാർഹിക തൊഴിലാളിയുടെ വധഭീഷണി ; പ്രതി അറസ്റ്റിൽ
കുവൈത്തിൽ സ്വന്തം വീട്ടിൽ വെച്ച് സ്പോൺസറായ സ്വദേശി പൗരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഗാർഹിക തൊഴിലാളിയെ ജഹ്‌റ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ അടിയന്തര സന്ദേശം ലഭിക്കുന്നത്. വിവരമറിഞ്ഞ് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ സുരക്ഷാ പട്രോളിംഗ് സംഘം, കടുത്ത മാനസിക സമ്മർദ്ദത്തിലും അക്രമാസക്തമായ അവസ്ഥയിലുമായിരുന്ന തൊഴിലാളിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വലിയൊരു അപകടം ഒഴിവാക്കാനും സാധിച്ചു.
സംഭവത്തെ തുടർന്ന് ഈ തൊഴിലാളിയെ ഇനി വീട്ടിൽ താമസിപ്പിക്കാനോ ജോലിയിൽ തുടരാൻ അനുവദിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്പോൺസർ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും സ്പോൺസർഷിപ്പ് റദ്ദാക്കി രാജ്യത്തുനിന്ന് നാടുകടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക തൊഴിലാളി എന്ത് കാരണത്താലാണ് സ്പോൺസർക്ക് നേരെ ഇത്തരമൊരു വധഭീഷണി മുഴക്കിയതെന്ന് കണ്ടെത്താൻ പോലീസ് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
.jpg)

