ഡിജിറ്റൽ അറസ്റ്റ്: തെലങ്കാനയിൽ വിരമിച്ച അധ്യാപകന് നഷ്ടമായത് 82 ലക്ഷം രൂപ
തെലങ്കാന: തെലങ്കാനയിൽ വിരമിച്ച അധ്യാപകന് 82 ലക്ഷം രൂപ നഷ്ടപ്പെട്ടു. മഹാബുബാബാദ് സ്വദേശിയായ അധ്യാപകനും കുടുംബവുമാണ് സൈബർ തട്ടിപ്പുകാരുടെ ചതിയിൽപ്പെട്ടത്. സിബിഐ, പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ ദമ്പതികളെ ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തത്.
ഏപ്രിൽ 11ന് എയർടെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന അധ്യാപകന്റെ ഭാര്യക്ക് വന്ന ഫോൺ കോളിലൂടെയാണ് തട്ടിപ്പ് ആരംഭിച്ചത്. ഇവരുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ വഴി 17 പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ കണക്ഷൻ വിച്ഛേദിക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ പൊലീസ് യൂണിഫോം ധരിച്ച ഒരാൾ വാട്‌സ്ആപ്പ് വീഡിയോ കോളിൽ വരികയും താൻ ബംഗളൂരുവിൽ നിന്നുള്ള സബ് ഇൻസ്‌പെക്ടറാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു.
അധ്യാപികയുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് മുംബൈയിലെ കാനറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും അതിലൂടെ അന്താരാഷ്ട്ര ക്രിമിനൽ സംഘം 75 ലക്ഷം രൂപയുടെ ഇടപാട് നടത്തിയെന്നും ഇയാൾ വ്യാജമായി വിശ്വസിപ്പിച്ചു. തുടർന്ന് സിബിഐ ഉദ്യോഗസ്ഥനെന്ന പേരിൽ മറ്റൊരു തട്ടിപ്പുകാരനും ദമ്പതികളെ ഭീഷണിപ്പെടുത്തി.
ദമ്പതികളെ പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ മണിക്കൂറുകളോളം വീഡിയോ കോളിൽ നിർത്തി 'ഡിജിറ്റൽ അറസ്റ്റ്' രേഖപ്പെടുത്തുകയായിരുന്നു. വ്യാജ അറസ്റ്റ് വാറണ്ട് കാണിച്ചും ഭീഷണിപ്പെടുത്തിയും പല ഘട്ടങ്ങളിലായാണ് 82 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന വീഡിയോ കോളുകൾക്കെതിരെയും ആധാർ വിവരങ്ങൾ ചോദിക്കുന്നവർക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് സൈബർ സെൽ മുന്നറിയിപ്പ് നൽകി.
.jpg)

