പ്രണയം തകർക്കാൻ ചാരപ്പണി നടത്തുന്നുവെന്ന് സംശയം : ഡൽഹിയിൽ യുവാവിനെ കഴുത്തറുത്തുകൊന്നു

google news
kottayam-crime

ന്യൂഡൽഹി: പ്രണയം തകർക്കാൻ ചാരപ്പണി നടത്തുന്നുവെന്ന് സംശയിച്ച് യുവാവ് റൂമിൽ കൂടെതാമസിക്കുന്നയാളെ കഴുത്തറുത്തുകൊന്നു. ഗാന്ധി നഗർ ഓൾഡ് സീലംപൂരിൽ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. കേസിൽ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലേഡ് ഉപയോഗിച്ചാണ് പ്രതി യുവാവിന്‍റെ കഴുത്ത് അറുത്തത്.

ബിഹാറിലെ സിതാമർഹി ജില്ലയിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ച ശിവനാഥും (22) ) പ്രതി രോഹിത്തും എന്ന് ഷഹ്‌ദാര ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിത് മീണ പറഞ്ഞു.

രോഹിത്ത് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ജാതി പ്രശ്‌നങ്ങൾ കാരണം വീട്ടുകാർ ഇത് അംഗീകരിച്ചിരുന്നില്ല. ഡൽഹിയിലെത്തിയപ്പോൾ ശിവനാഥും രോഹിത്തും മറ്റുചിലർക്കൊപ്പം ഒരേ മുറിയിലായിരുന്നു താമസം. കുറച്ച് ദിവസങ്ങൾക്കു ശേഷം, ശിവനാഥിന്റെ നീക്കങ്ങളിൽ രോഹിത്തിന് സംശയം തോന്നുകയും പെൺകുട്ടിയുടെ വീട്ടുകാർ ശിവനാഥിനെ ചാരപ്പണി ചെയ്യാൻ അയച്ചതാണെന്ന് സംശയിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. തുടർനന്ന് ശിവനാഥിനെ കൊലപ്പെടുത്താൻ രോഹിത്ത് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Tags