പാർക്കിങ്ങിന്റെ പേരിൽ തർക്കം: ഡൽഹിയിൽ 45കാരനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി

google news
death

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിൽ ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആറംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി 45കാരനെ കൊലപ്പെടുത്തി. മർദനത്തിൽ ഇയാളുടെ ഭാര്യക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹി സ്വദേശിയായ അരവിന്ദ് ആണ് മരിച്ചത്.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനോജ് ഹൽദാറെന്നയാളാണ് മുഖ്യപ്രതി.
 ഭാര്യ രേഖ മണ്ഡലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹി ആലി വിഹാറിലെ ഹൽദാറിന്‍റെ വീടിന് മുന്നിൽ അരവിന്ദ് മോട്ടോർ സൈക്കിൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും വഴക്കിലേർപ്പെടുക പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അരവിന്ദ് മകൻ ആകാശിനൊപ്പം സ്കൂളിൽ നിന്ന് മടങ്ങുന്ന സമയത്ത് റോഡിൽ വെച്ച് മനോജ് ഹൽദാറുമായി തർക്കമുണ്ടായി. പ്രശ്‌നം പരിഹരിച്ച് അരവിന്ദും മകനും വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി 9.30ഓടെ ആറ് പേർ അരവിന്ദിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറുകയും അരവിന്ദിനെയും ഭാര്യയെയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അരവിന്ദിന്‍റെ നെഞ്ചിലും കൈയിലുമാണ് പ്രതികൾ കുത്തി പരിക്കേൽപ്പിച്ചത്. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രേഖയുടെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചും പ്രതികൾ പരിക്കേൽപ്പിച്ചു. ആക്രമണത്തിനിടെ കട്ടിലിനടിയിൽ ഒളിച്ച മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയാണ് അരവിന്ദിനെയും രേഖയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ അരവിന്ദ് മരിച്ചതായും രേഖ അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.

Tags