ധിക്കാരപരമായ സ്വഭാവം : ബംഗളൂരുവിൽ മകളെ തല്ലി കൊന്ന് പിതാവ്

ബംഗളൂരു: അക്രമവും ധിക്കാരസ്വഭാവവും കാണിക്കുന്നുവെന്ന കാരണം പറഞ്ഞ് മുൻ സർക്കാർ ഉദ്യോഗസ്ഥൻ മകളെ കൊലപ്പെടുത്തി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) മുൻ ഉദ്യോഗസ്ഥനായ രമേഷ് (60) ആണ് മകൾ ആഷയെ (32) തടിക്കഷണം കൊണ്ട് തല്ലിക്കൊന്നത്.
ബുധനാഴ്ച രാത്രി കോടിഗെഹള്ളി ധനലക്ഷ്മി ലേഔട്ടിലെ വീട്ടിലാണ് സംഭവം. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദധാരിയായ ആഷ കോളജിൽ കൂടെ പഠിച്ചിരുന്ന നാഗരാജിനെ 2019ൽ വിവാഹം ചെയ്തിരുന്നു. എന്നാൽ, അഭിപ്രായവ്യത്യാസത്തെ തുടർന്ന് ബന്ധം ഒഴിഞ്ഞു.
സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ ആഷ നാഗരാജിനെതിരെ കോടിഗെഹള്ളി പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡനത്തിന് 2021ൽ പരാതി നൽകി. ഈ കേസ് ഇപ്പോൾ കോടതിയിലാണ്. അതേസമയം, ആഷ പലപ്പോഴും മാതാപിതാക്കളെ മർദിക്കാറുണ്ടായിരുന്നുവെന്നും ക്രൂരമായി പെരുമാറിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയും പിതാവുമായി വഴക്കിട്ടിരുന്നു.
പത്തുമണിയോടെ ഉറങ്ങാൻ കിടന്ന ആഷ 11.30ഓടെ എഴുന്നേറ്റ് മാതാവിനോട് ഭക്ഷണം ആവശ്യപ്പെട്ടു. മാതാവ് ചപ്പാത്തി നൽകിയ ശേഷം കിടക്കാൻപോയി. ഈസമയം രമേഷ് മകളെ തടിക്കഷണംകൊണ്ട് അടിക്കുകയായിരുന്നു. മരണവിവരം രമേഷ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് ആദ്യം ഇയാൾ പറഞ്ഞതെങ്കിലും പൊലീസ് ചോദ്യംചെയ്യലിൽ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു.