ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ് ; നാല് പ്രതികൾ പിടിയിൽ

arrest

 മണിചെയിൻ മാതൃകയിൽ ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ലിബർട്ടാസ് ബ്ലോക്ക്ചെയിൻ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ് സ്ഥാപനയുടമയും ഭാര്യയും ഉൾപ്പെടെ നാല് പ്രതികളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.കൊച്ചി കലൂരിലെയും പാലക്കാട് വെസ്റ്റ് യാക്കരയിലെയും ഓഫീസുകളിൽ റെയ്ഡ് നടത്തി രേഖകളും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.

ലിബർട്ടാസ് എക്സിക്യൂട്ടീവ് ഡയറക്ടർ പാലക്കാട് സ്വദേശി സ്റ്റാൻലി സൈമൺ (47), ഭാര്യ സീനത്ത് സ്റ്റാൻലി, മാർക്കറ്റിംഗ് ആൻഡ് ഔട്ട്റീച്ച്‌ വിഭാഗം ഡയറക്ടർ തിരുവനന്തപുരം പേരൂർക്കട വി.വി. നഗർ അനുഗ്രഹയിൽ പി.രമേശ് (51), ജീവനക്കാരൻ പാലക്കാട് പഴമ്പാലക്കാട് ഇല്ലിക്കൽ ശിവദാസൻ (49) എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. വഞ്ചനാക്കുറ്റത്തിന് 20 കേസുകളിൽ പ്രതിയായ സ്റ്റാൻലിയെ എളമക്കരയിലെ ഫ്ലാറ്റിൽ നിന്നും സീനത്തിനെ പാലക്കാട് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ബാങ്കുകളിൽ താത്ക്കാലിക ജീവനക്കാരനായ പാലക്കാട് സ്വദേശി എം. വിശ്വനാഥ് (30) നൽകിയ പരാതിയിൽ സ്റ്റാൻലി സൈമൺ ഉൾപ്പെടെ ഏഴുപേരെ പ്രതികളാക്കി നോർത്ത് പൊലീസ് 23നാണ് കേസെടുത്തത്.

ലിബർട്ടാസ് മുഖേന ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്തിയാൽ 8 ശതമാനം വരെ ലാഭവിഹിതം പ്രതികൾ വാഗ്ദാനം ചെയ്തു. മണിചെയിൻ മാതൃകയിൽ കൂടുതൽ ആൾക്കാരെ പദ്ധതിയിൽ ചേർത്താൽ 10 ശതമാനം വരെ ലാഭവിഹിതം നൽകുമെന്നും ഉറപ്പുനൽകി. 2021 സെപ്തംബർ 5 മുതൽ 2023 മാർച്ച്‌ 4വരെ പലപ്പോഴായി 56.91 ലക്ഷം രൂപ കൈമാറിയ വിശ്വനാഥ് മുതൽമുടക്കും ലാഭവും കിട്ടാതായപ്പോഴാണ് നോർത്ത് പൊലീസിനെ സമീപിച്ചത്.

സ്റ്റാൻലിയുടെ മകൾ ജന്നിഫർ, ലിബർട്ടാസ് ബ്ലോക്ക്ചെയിൻ അസോസിയേറ്റുകളായ പ്രശാന്ത്, ജൂഡിറ്റ്, വന്ദോ തിമോത്തി എന്നിവരും കേസിൽ പ്രതികളാണ്. സ്റ്റാൻലിയും ഭാര്യയും മകളും ശിവദാസും ചേർന്ന് വിശ്വനാഥിനെ നേരിൽക്കണ്ടാണ് നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. സ്ഥാപനത്തിന് കേന്ദ്ര സർക്കാരിന്റെ ലൈസൻസ് ഉണ്ടെന്ന് കാണിക്കാൻ പ്രതികൾ വ്യാജരേഖയും കാട്ടി.

Tags