ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചു ; കോച്ചിന് 16 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം : ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച പരിശീലകന് 16 വർഷം കഠിനതടവും 24,000 രൂപ പിഴയും. ക്രിക്കറ്റ് പരിശീലകനായ ശ്രീവരാഹം സ്വദേശി എം. മനുവിനെ(40)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടരവർഷം അധികതടവും അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമാണ് 16 വർഷം ശിക്ഷയെങ്കിലും ഫലത്തിൽ അഞ്ച് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടി കോച്ചിങ്ങിനായി പരിശീലന സെൻററിൽ എത്തുന്നത്. കുട്ടിയെ പരിശീലനത്തിനെന്ന് പറഞ്ഞ് അവിടത്തെ ജിമ്മിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
ഇതിനാൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. ഈ കുട്ടിക്ക് പുറമെ കോച്ചിങ്ങിനെത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്.
പീഡനത്തിൽ മനംനൊന്ത് ഇവരും വേറെ സ്ഥലത്തേക്ക് പരിശീലനത്തിന് പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറഞ്ഞില്ല. 2024ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കടുക്കാനെത്തിയ പീഡനത്തിനിരയായ ഒരു പെൺകുട്ടി പ്രതിയെ കണ്ട് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി.
പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ് വിജയ് മോഹൻ ഹാജരായി. കൻറോൺമെൻറ് പൊലീസ് എസ്.ഐമാരായ എസ്. ഷെഫിൻ, നിതിൻ നളൻ എന്നിവരാണ് കേസന്വേഷിച്ചത്.
.jpg)

