യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതി
കോഴിക്കോട് : സുഹൃത്തിനെ കാണാൻ ബംഗളൂരുവിൽ പോയ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതി. ദൃശ്യങ്ങൾ കുടുംബത്തിന് അയച്ചുകൊടുത്ത സംഘം എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 24നാണ് യുവാവ് ബംഗളൂരുവിലേക്ക് പോയത്. സുഹൃത്തിനൊപ്പം ഫ്ലാറ്റിൽ താമസിക്കുന്നതിനിടെ മറ്റൊരു സുഹൃത്ത് വിളിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ആറംഗസംഘം യുവാവിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തുള്ള രഹസ്യ കേന്ദ്രത്തിൽ തടഞ്ഞുവെച്ച സംഘം, മോചിപ്പിക്കണമെങ്കിൽ എട്ട് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ബലമായി യുവാവിന്റെ നഗ്നദൃശ്യങ്ങൾ പകർത്തി മൊബൈൽ ഫോണിലൂടെ വീട്ടുകാർക്ക് അയക്കുകയും പണം നൽകാത്തപക്ഷം കൂടുതൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
സംഘത്തിൻറെ കൈയിൽനിന്ന് രക്ഷപ്പെട്ട യുവാവ് നാട്ടിലെത്തിയശേഷമാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു യുവതി ഉൾപ്പെടെ ആറുപേരാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ കോഴിക്കോട് സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ ഉടൻ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
.jpg)

