കൊച്ചിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

drug case arrest cochi
drug case arrest cochi

ജനുവരിയില്‍ നടത്തിയ റെയ്ഡിലാണ് പശ്ചിമ കൊച്ചിയില്‍ വന്‍ മയക്കുമരുന്നുശേഖരവുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെയും മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി സ്വദേശികളായ അഞ്ചുയുവാക്കളെയും പൊലീസ് പിടികൂടിയത്

കൊച്ചി : കൊച്ചിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഒമാനില്‍നിന്ന് മയക്കുമരുന്നുകടത്ത് ആസൂത്രണംചെയ്ത മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്കി (27) നെ പൊലീസ് പിടികൂടി. മട്ടാഞ്ചേരി പൊലീസാണ് ആഷിക്കിനെ പിടികൂടിയത്. 

ഇയാളില്‍നിന്ന് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്ന വൈപ്പിന്‍ സ്വദേശിനിയായ മാഗി ആഷ്ന എന്ന യുവതിയെയും സംഘാംഗമായ മട്ടാഞ്ചേരി സ്വദേശി ഇസ്മയില്‍ സേഠ് എന്ന യുവാവിനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. എല്ലാ പ്രതികളെയും പിടികൂടിയതായി കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അശ്വതി ജിജി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒമാനിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് ആഷിഖ്. മാഗി ആഷ്നയില്‍നിന്നും ഇസ്മായില്‍ സേഠില്‍നിന്നുമാണ് ലഹരിക്കടത്തിന്റെ ഉറവിടം സംബന്ധിച്ച വിവരം ലഭിച്ചത്. ഒമാനില്‍നിന്ന് ആഷിഖ് നാട്ടിലെത്തിയ വിവരമറിഞ്ഞ് മട്ടാഞ്ചേരിയില്‍ നിന്നുള്ള പൊലീസ് സംഘം മലപ്പുറത്തെത്തി അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 

കൊച്ചി വിമാനത്താവളം വഴിയായിരുന്നു കടത്ത്. ഒരുതവണ മയക്കുമരുന്ന് കടത്തുന്നതിന് ഒരുലക്ഷം രൂപയാണ് പ്രതിഫലമെന്ന് മാഗി ആഷ്ന വെളിപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. വിലക്കുറവായതുകൊണ്ടാണ് ഒമാനില്‍നിന്ന് സംഘം ലഹരിയെത്തിച്ചിരുന്നത്.

ജനുവരിയില്‍ നടത്തിയ റെയ്ഡിലാണ് പശ്ചിമ കൊച്ചിയില്‍ വന്‍ മയക്കുമരുന്നുശേഖരവുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെയും മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി സ്വദേശികളായ അഞ്ചുയുവാക്കളെയും പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് കണ്ടെത്തിയ എംഡിഎംഎയ്ക്ക് മാത്രം വിപണയില്‍ 44 ലക്ഷത്തിലധികംരൂപ വിലയുണ്ട്. തുടര്‍ന്ന് സംഘത്തിലെ മറ്റംഗങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണം കൂടിതൽ ഊർജിതമാക്കി. 

Tags