ഗോവയിൽ ചോക്ലേറ്റുകളിലും കാപ്പി പാക്കറ്റുകളിലും ഒളിപ്പിച്ച 43 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു

drug arrest
drug arrest

പനാജി: ഗോവയിൽ ഏറ്റവും വലിയ ലഹരികടത്ത് റിപ്പോർട്ട് ചെയ്തു. ചോക്ലേറ്റുകളിലും കാപ്പി പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിൽ 43 കോടി രൂപ വിലമതിക്കുന്ന നാല് കിലോയിലധികം കൊക്കെയ്ൻ ആണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവ‍‌ർക്ക് അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് എക്സിൽ ​ഗോവൻ പൊലീസിനും ക്രൈം ബ്രാഞ്ചിനും അഭിനന്ദനങ്ങൾ അറിയിച്ചു.

ഭർത്താവും ഭാര്യയും മറ്റൊരാളുമാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സൗത്ത് ​ഗോവയിലെ ചികാലിമിൽ നിന്നാണ് കൊക്കെയ്നുമായി ഇവ‌ർ അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ ഗുപ്ത പറഞ്ഞു. 43.2 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ കൈവശം വെച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥ‌ർ പറഞ്ഞു. 32 ചോക്ലേറ്റ്, കാപ്പി പാക്കറ്റുകളിലായി 4.32 കിലോഗ്രാം കൊക്കെയ്ൻ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

Tags