റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസ് :മുഖ്യപ്രതി പിടിയിൽ


കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. റോട്ട് വീലറടക്കമുള്ള നായ്ക്കളുടെ കാവലിൽ കഴിഞ്ഞ ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. തട്ടിപ്പിനിരയായ പേരാമ്പ്ര സ്വദേശികളായ മൂന്ന് പേർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 2024 മെയ് മാസത്തിലാണ് ഇയാൾ റെയിൽവേയിൽ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഇവരിൽ നിന്നും പണം തട്ടിയത്. കോഴിക്കോട് ബാലുശ്ശേരി തുരുത്യാട് സ്വദേശി കുഞ്ഞാലേരി തയ്യിൽ ഷൈലേഷ്(58) ആണ് അറസ്റ്റിലായത്.
tRootC1469263">പരസ്യം നൽകി ആളുകളെ സ്വകാര്യ സ്ഥാപനത്തിലേക്ക് ആകർഷിക്കുകയും പിന്നീട് ചെന്നൈ തൃച്ചിയിൽ വെച്ച് വ്യാജ റിക്രൂട്ട്മെന്റ് നടത്തി നിയമന ഉത്തരവ് നൽകുകയും ചെയ്യും. വ്യാജ ട്രെയിനിങ് നൽകി വിശ്വസിപ്പിച്ച ശേഷം ഇതുവെച്ച് ഉദ്യോഗാർത്ഥികളിൽ നിന്നും വൻ തോതിൽ പണം വാങ്ങുന്നതാണ് ഇയാളുടെ രീതി. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ബോധ്യമായതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.

പിന്നീട് പ്രതി നാട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് പേരാമ്പ്ര ഇൻസ്‌പെക്ടർ ജംഷീദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. റോട്ട്‌വീലർ ഉൾപ്പെടെ പത്തോളം കാവൽ നായകളെ ഇയാൾ വീട്ടിൽ വളർത്തിയിരുന്നു. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനായാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ സിഎം സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജോജോ, ബൈജു എന്നിവരുൾപ്പെട്ട സംഘമാണ് ഷൈലേഷിനെ പിടികൂടിയത്.