ചെങ്ങളത്ത് വീട് കയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

കുമരകം: ചെങ്ങളത്ത് ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം നെല്ലിപ്പള്ളിൽ വീട്ടിൽ അർജുൻ ബൈജു (21), അയർക്കുന്നം അമയന്നൂർ പാറപ്പുറം ഭാഗത്ത് മൂരിപ്പാറയിൽ വീട്ടിൽ അരുൺ വിജയൻ (29) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി 22ന് ചെങ്ങളം എൻ.എസ്.എസ് കരയോഗം ഭാഗത്തെ വീട്ടിൽ കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. നേരത്തേ ഈ കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ സ്റ്റെഫിൻ, സുജിത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.