കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസുകാരൻ യുവതിയോട് മോശമായി പെരുമാറിയതായി പരാതി ; കേസെടുത്തു
കോഴിക്കോട്: കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കേസെടുത്തു. നടക്കാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് തന്നെ കേസ് രജിസ്റ്റർ ചെയ്തത്.
നിലവിൽ കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഇയാൽൾക്കെതിരെ ലൈംഗികാതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മേയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടക്കാവിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ദമ്പതികൾ തമ്മിലുള്ള വഴക്കിനെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് അന്വേഷണം നടത്താനാണ് രഞ്ജിത്തും ഒരു എ.എസ്.ഐയും സ്ഥലത്തെത്തിയത്.
ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ഇടപെടലിനിടെ യുവതിയെ ആശ്വസിപ്പിക്കാനെന്ന പേരിൽ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തുടർന്ന് യുവതി നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവ സമയത്ത് നടക്കാവ് സ്റ്റേഷനിലുണ്ടായിരുന്ന ഇയാളെ പിന്നീട് ഉണ്ടായ സ്ഥലംമാറ്റത്തിൽ കൺട്രോൾ റൂമിലേക്ക് മാറ്റിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
.jpg)

