മേലാറ്റൂരിൽ വിനോദ യാത്രയ്ക്കായി പൂട്ടിപ്പോയ വീട്ടിൽ മോഷണം

മേലാറ്റൂർ : വിനോദ യാത്രയ്ക്കായി പൂട്ടിപ്പോയ വീട്ടിൽ മോഷണം. മേലാറ്റൂർ ചന്തപ്പടി പൂതറമണ്ണ ശിവക്ഷേത്രത്തിനു സമീപത്തെ കോൽത്തൊടി അബ്ദുൽ നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 13 പവന്റെ സ്വർണാഭരണങ്ങളും 5,000 രൂപയും സ്കൂട്ടറുമാണ് മോഷണം പോയത്.
തിങ്കളാഴ്ച രാവിലെ വിനോദയാത്രക്കായി വീട് പൂട്ടി പോയതായിരുന്നു. ബുധനാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.
വിലപ്പിടിപ്പുള്ള മറ്റനവധി സാധനങ്ങൾ വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തു നിന്നുള്ള ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു.