പോത്തൻകോട് വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം
തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ വയോധികയുടെ വീടും കടയും തകർത്ത് അക്രമികൾ . ചന്തവിള കുറട്ടൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ലീല (62)യെ ആണ് രാത്രിയിലെത്തിയ ഒരുസംഘം ആക്രമിച്ചത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമികളാണ് ശരീരമാസകലം കമ്പിവടികൊണ്ട് മർദിച്ചത്.
മർദനത്തിൽ ലീലയ്ക്ക് ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. മകൻ മരിച്ച ശേഷം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്ന ലീല, വീട്ടിനുമുന്നിൽ ചെറിയൊരു കടയിട്ട് പച്ചക്കറികളും മറ്റും വിറ്റാണ് ജീവിച്ചിരുന്നത്. ഈ കടയും അക്രമികൾ തകർത്തു. പച്ചക്കറികളും മറ്റും മറ്റൊരു പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു.
വെളുപ്പിന് ഒരു മണിയോടെയാണ് അക്രമം നടന്നതെന്ന് ലീല പറയുന്നു. പരിക്കേറ്റ ലീല വെളുപ്പിന് അഞ്ചുമണിയോടെ വീട്ടിൽനിന്ന് ഇഴഞ്ഞ് വഴിയിൽ എത്തി. അങ്ങനെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി.
കൗൺസിലർ അനു ജി. പ്രഭയുടെ നേതൃത്വത്തിൽ 108 ആംബുലൻസ് വിളിച്ച് ലീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് അയൽവാസികളുമായി തർക്കം ഉണ്ടായിരുന്നു. ഇന്നലെ അയൽവാസിയായ സ്ത്രീയെ ലീല തടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പോത്തൻകോട് പോലീസ് കേസെടുത്തിരുന്നു. അക്രമികൾക്കായി പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.
.jpg)

