ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വ്യാപാരം ; മുഖ്യപ്രതി പിടിയിൽ

arrest

 തിരുവനന്തപുരം: കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തിവന്ന മുഖ്യപ്രതി ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. കല്ലമ്പലം പുല്ലൂർമുക്കിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയായ നാസറാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വടശ്ശേരികോണത്തു നിന്നും ചെറിയ അളവിൽ പുകയില ഉൽപ്പന്നങ്ങൾ ചില്ലറ വിൽപ്പന നടത്തിയ ഒരു സ്ത്രീയെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് ഒടുവിൽ കല്ലമ്പലത്തെ ഈ വലിയ മൊത്തവ്യാപാര കേന്ദ്രത്തിലേക്കും പ്രതിയിലേക്കും പൊലീസിനെ എത്തിച്ചത്.

തുടർന്ന് നടത്തിയ ശക്തമായ പരിശോധനയിലാണ് ഹോട്ടലിന്റെ മറവിൽ സൂക്ഷിച്ചിരുന്ന വൻ ശേഖരം പിടികൂടിയത്. ഈ പ്രദേശങ്ങളിലെ വിവിധ ചെറിയ കടകളിലേക്ക് ആവശ്യമായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയാണ് പിടിയിലായ നാസർ എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലഹരി മാഫിയക്കെതിരെ പൊലീസും ഡാൻസാഫ് സംഘവും കർശന നടപടികൾ തുടരുന്നതിനിടയിലാണ് ഹോട്ടൽ നടത്തിപ്പിന്റെ മറവിലുള്ള ഈ അനധികൃത വ്യാപാരം പിടികൂടുന്നത്.

Tags