കാഞ്ഞങ്ങാട് പ്രവാസിയെ വെട്ടി പരിക്കേൽപ്പിച്ച ആറു പേർക്കെതിരെ വധശ്രമക്കേസ്

കാഞ്ഞങ്ങാട്: നെല്ലിത്തറയിൽ കഴിഞ്ഞ രാത്രി നടന്ന അക്രമത്തിന് കാരണം ഗൾഫിലെ കുടിപ്പക. ആറു പേർക്കെതിരെ വധശ്രമത്തിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞു.
മാവുങ്കാൽ നെല്ലിത്തറയിൽ ബൈക്കുകളിലെത്തിയ സംഘം യുവാവിനെ വെട്ടിവീഴ്ത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കൊടവലത്തെ ചന്ദ്രൻ (47) വെട്ടേറ്റ സംഭവത്തിൽ കോട്ടപ്പാറ വാഴക്കോടിലെ അജിത്ത്, മറ്റ് കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ വധശ്രമം അടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
ചന്ദ്രന്റെ ഭാര്യ രമ്യയുടെ (36) പരാതി പ്രകാരമാണ് കേസ്. ചന്ദ്രനും ഭാര്യയും ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു അക്രമം. ഇടതുകാലിനും രണ്ട് കൈകൾക്കും കത്തിവാൾകൊണ്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്റ്റീൽ കമ്പികൊണ്ട് അടിച്ചു. തടയാൻ ശ്രമിച്ച ഭാര്യക്കും അടിയേറ്റു. രണ്ട് ബൈക്കുകളിലെത്തിയായിരുന്നു പ്രതികൾ ചന്ദ്രനെ വെട്ടിയത്.
മംഗളുരു ആശുപത്രിയിൽ ചികിത്സയിലാണ് ചന്ദ്രൻ. ഒന്നാം പ്രതിയുടെ സുഹൃത്തായ അനീഷിനെ ഷാർജയിൽ മദ്യ കച്ചവടത്തിനിടെ പൊലീസ് പിടികൂടിയത് ചന്ദ്രൻ ഒറ്റിക്കൊടുത്തതുമൂലമാണെന്ന് ആരോപിച്ചാണ് പ്രതികൾ അക്രമം നടത്തിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.