ബലമായി കസ്റ്റഡിയിലെടുത്ത് മർദിച്ചു : വനം ഉദ്യോഗസ്ഥർക്കെതിരെ ഹരജിയുമായി പ്രതി
Sat, 18 Mar 2023

കൊച്ചി: ഹൈകോടതി ഉത്തരവ് നിലനിൽക്കെ പ്രതിയെ ബലമായി കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാരോപിച്ച് വനം ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ ഹരജി. മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ എൻ. സുബൈറിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ പ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി മുല്ലക്കോയയാണ് ഹരജി നൽകിയത്. ഹരജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാറിന്‍റെ വിശദീകരണം തേടി.
കേസിൽ 12ാം പ്രതിയാണ് ഹരജിക്കാരൻ. മാർച്ച് മൂന്നിനാണ് മുല്ലക്കോയയെ അന്വേഷണ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. ഹരജി 10 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.