മോഷ്ടിച്ച ബൈക്ക് വിൽക്കാനെത്തിയ പ്രതികൾ പിടിയിൽ

ചങ്ങരംകുളം : മോഷ്ടിച്ച ബൈക്ക് വിൽക്കാനെത്തിയ തമിഴ്നാട് സ്വദേശികൾ ചങ്ങരംകുളം പൊലീസിന്റെ പിടിയിലായി. ഡിണ്ടിഗൽ, ശിവാങ്ക മാവട്ടം സ്വദേശി ആനന്ദ് (44), കന്യാകുമാരി മീൻകട തെരുവ് സ്വദേശി ഗണേശൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മേയ് ഒമ്പതിന് ചങ്ങരംകുളം സൺറൈസ് ആശുപത്രിയുടെ മുൻവശത്ത് നിന്ന് യൂനികോൺ ബൈക്ക് മോഷണം പോയിരുന്നു.
ഈ ബൈക്ക് മെയ് 14ന് വടക്കേക്കാട് സ്റ്റേഷൻ പരിധിയിലെ ചമ്മണ്ണൂരിലുള്ള ബൈക്ക് ഷോറൂമിൽ ഇവർ വിൽപനക്കായി കൊണ്ടുവരികയായിരുന്നു. സംശയം തോന്നിയ ഷോറൂം ജീവനക്കാർ ആനന്ദിനെ തടഞ്ഞുവെച്ച് വടക്കേക്കാട് പൊലീസിൽ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്. സ്റ്റേഷൻ പരിധിയിലെ തരിയത്ത് നിന്ന് കൂട്ടുപ്രതി ഗണേശനേയും കസ്റ്റഡിയിലെടുത്തു. ഇവർ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.