താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ

താമരശ്ശേരി: പരപ്പൻപൊയിലിൽനിന്നും പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയെ (38) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. വാവാട് എട്ടാം കണ്ടത്തിൽ മുഹമ്മദ് നിസാബിനെ (25) യാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
സംഭവത്തിന് ദിവസങ്ങൾക്കു മുമ്പ് ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പരപ്പൻപൊയിലിലെത്തിയ പ്രതികൾക്ക് ഷാഫിയുടെ വീടും പരിസരവും കാണിച്ചുകൊടുക്കാനും ഇയാൾ ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കുടുക്കിലുമ്മാരം മുഹമ്മദ് ഷിബിലിന്റെ കൂടെ ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുള്ളതായും പൊലീസ് പറഞ്ഞു.
വാവാടുള്ള വീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ടു വർഷം മുമ്പ് കൊണ്ടോട്ടി കരിപ്പൂരിൽ നടന്ന സ്വർണ കവർച്ചക്കേസിലും ഇയാൾ പ്രതിയാണ്. ആ കേസിൽ ജാമ്യത്തിലിറങ്ങിയതാണ്. കൂടാതെ കൊടുവള്ളി സ്റ്റേഷനിൽ വധശ്രമത്തിനും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.