വയനാട്ടിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്നയാൾ പിടിയിൽ

മാനന്തവാടി: വീട്ടമ്മയുടെ തലക്ക് പരിക്കേൽപ്പിക്കുകയും സ്വർണമാല കവർന്ന് കടന്നുകളയുകയും ചെയ്തയാളെ പൊലീസ് പിടികൂടി. പത്തനംതിട്ട അടൂർ പന്നിവിള ലിനുഭവനിൽ റോഷനെന്ന ലിജുവിനെയാണ് (42) മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദ സംഭവം. തോൽപെട്ടിയിൽ ഒറ്റക്ക് താമസിക്കുന്ന 52കാരിയായ വീട്ടമ്മയാണ് ആക്രമത്തിനിരയായത്. വിവിധ കേസുകളിലകപ്പെട്ട റോഷൻ അടൂരിൽ നിന്ന് തോൽപെട്ടിയിലെത്തി പെയിന്റിങ്, കോൺക്രീറ്റ് ജോലികൾ ചെയ്തു വരുകയായിരുന്നു. തോൽപെട്ടിയിലെ വീട്ടിൽ ജോലിക്കെത്തിയ റോഷൻ ഇവരുടെ സഹായമനസ്സ് മുതലെടുത്ത് ഇവരുടെ വീട്ടിൽ താമസമാക്കി.
വീടിന്റെ പുറത്തുനിന്നും കോണിവഴി മുകളിലേക്ക് കയറാവുന്ന മുറിയിലാണ് താമസിച്ചിരുന്നത്. രണ്ടുദിവസം വീട്ടമ്മ വീട്ടിലുണ്ടായിരുന്നില്ല. തിരികെ വീട്ടിലെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിലിന് കേടുപാടുസംഭവിച്ചത് കണ്ടതിനെ തുടർന്ന് റോഷനോട് കാര്യം അന്വേഷിച്ചിരുന്നു.
ഈ സമയം പലതും പറഞ്ഞ് ഒഴിവായ ഇയാൾ വീട്ടമ്മ നൽകിയ ചായ കുടിച്ച ശേഷം കൈയിൽ കരുതിയ കാപ്പിവടി ഉപയോഗിച്ച് ഇവരുടെ തലക്കടിക്കുകയും ഇവർ ധരിച്ചിരുന്ന രണ്ടു പവന്റെ മാലയുമായി കടന്നു കളയുകയുമായിരുന്നു. കാസർകോടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ചിറ്റാരിക്കൽ പൊലീസിന്റെ സഹായത്തോടെ റോഷനെ പിടികൂടിയത്. മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരിം, തിരുനെല്ലി എസ്.ഐ വി.പി. സാജൻ, എ.എസ്.ഐ ബിജു വർഗീസ്, സിവിൽ പൊലീസ് ഓഫിസർമാരായ പി.ടി. സരിത്ത്, പി.ജി. സുശാന്ത്, വി.പി. പ്രജീഷ്, എം.സി. വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.