അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ
കൊച്ചി : കുറുപ്പംപടിയിൽ അതിഥി തൊഴിലാളിയായ പ്രതാപചന്ദ്ര ബർമനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ പ്രഞ്ജൽ ബോറ (30), ബബുൾ ബറാലി (30) എന്നിവരാണ് പിടിയിലായത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട പ്രതാപചന്ദ്ര ബർമൻ പ്രദേശത്തെ ഒരു പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായിരുന്നു.
tRootC1469263">കുറുപ്പംപടി ഇൻസ്പെക്ടർ വി. രാജേഷ് കുമാർ, എസ്.ഐ ചിത്തു ജി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. സീനിയർ സി.പി.ഒമാരായ നൗഫൽ, അരുൺ കരുണൻ, സി.പി.ഒമാരായ രാമനാഥ്, ഗിരീഷ് രാജു, രെജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് വലയിലാക്കിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയതായും കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും കുറുപ്പംപടി പോലീസ് അറിയിച്ചു. മദ്യപാനത്തെത്തുടർന്നുള്ള സംഘട്ടനങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
.jpg)


