സ്ത്രീ യാത്രക്കാരുടെ ബാഗ് തട്ടിയെടുത്ത് ചാടിയിറങ്ങും, ; ട്രെയിനിൽ കവർച്ച നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിൽ

Interstate thieves and robbery gangs are active; surveillance is being intensified on trains

 കൊച്ചി: സ്ത്രീ യാത്രക്കാരുടെ ബാഗുകൾ തട്ടിയെടുക്കുകയും തുടർന്ന് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെടുകയും ചെയ്യുന്ന അസം സ്വദേശികളായ മുന്നംഗ സംഘം പിടിയിൽ. അസം നാഗവോൺ ജില്ലയിൽ നിന്നുള്ള രജാതലി (45), സദുൽ ഹഖ് (22), മുർഷിദ് (21) എന്നിവരെ ആണ് റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്‌ച രാത്രി 11ന് കാരക്കൽ എക്സ്പ്രസ് ട്രെയിനിലും ഞായറാഴ്ച‌ പുലർച്ചെ 2.30ന് ബാംഗ്ളൂർ എക്സ്പ്രെസ്സിലുമാണ് സംഘം കവർച്ച നടത്തിയത്. ഉറങ്ങുകയായിരുന്ന സ്ത്രീകൾ തലയുടെ കീഴിൽ വെച്ചിരുന്ന ബാഗ് പൊടുന്നനെ തട്ടിയെടുക്കുകയും ട്രെയിനിൻ്റെ വേഗത വർധിക്കുന്നതിന് മുമ്പ് ചാടിയിറങ്ങി രക്ഷപ്പെടുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.

ആലുവ, അങ്കമാലി സ്‌റ്റേഷനുകൾക്കിടയിലാണ് ഈ സംഭവങ്ങൾ നടന്നത്. ഇവർ മോഷ്ടിച്ച ബാഗുകളിൽ മാലയും വളയുമടക്കം എട്ട് പവനോളം സ്വർണവും രണ്ട് ഐ ഫോണുകളടക്കം മൂന്ന് മൊബൈലുകളും ഉണ്ടായിരുന്നു. വിശദമായ പരിശോധനയിൽ പ്രതികളിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന മോഷണ മുതലുകൾ പിടിച്ചെടുത്തു. പ്രതികൾ മുമ്പും വിവിധ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫിന്റെ മേൽനോട്ടത്തിൽ ആർ.പി.എഫ് ഇൻസ് പെക്ടർമാരായ ബിനോയ് ആൻ്റണി, പി. വേണു, ജിപിൻ, എറണാകുളം റെയിൽവേ പൊലീസ് ഡിവൈ.എസ്.പി ജോർജ് ജോസഫ്, ഇൻസ്പെക്‌ടർ വിപിൻകുമാർ, എസ് .എച്ച്.ഒ നിസാറുദ്ദീൻ, എസ്.ഐ കെ. സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ് തു.

Tags