മംഗളൂരു ജില്ല ജയിൽ വളപ്പിലേക്ക് കഞ്ചാവ് എറിഞ്ഞയാൾ അറസ്റ്റിൽ
മംഗളൂരു: മംഗളൂരു ജില്ല ജയിൽ വളപ്പിലേക്ക് കഞ്ചാവ് എറിഞ്ഞ കേസിൽ കർണാടക സംസ്ഥാന വ്യവസായ സുരക്ഷാ സേന (കെഎസ്ഐഎസ്എഫ്) ഉദ്യോഗസ്ഥർ ഒരാളെ അറസ്റ്റ് ചെയ്തു.
ബണ്ട്വാൾ താലൂക്കിലെ കൊളത്തമജലു സ്വദേശിയും ഉർവയിൽ താമസക്കാരനുമായ ജി. തിലക് രാജാണ്(38) അറസ്റ്റിലായത്. ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്താൽ 2000 രൂപ നൽകാമെന്ന് ഒരാൾ തനിക്ക് വാഗ്ദാനം ചെയ്തതായി ഇയാൾ മൊഴി നൽകി.
പുലർച്ചെ നാലരയോടെ പ്രതി ജയിലിലെ അടുക്കള ഭാഗത്തേക്ക് സംശയാസ്പദമായ ഒരു പാക്കറ്റ് എറിയുന്നത് ശ്രദ്ധയിൽപ്പെട്ട്, ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ഐഎസ്എഫ് കോൺസ്റ്റബിൾ കിരൺ അസി. സബ് ഇൻസ്പെക്ടറെ അറിയിക്കുകയായിരുന്നു. കെഎസ്ഐഎസ്എഫ് ഉദ്യോഗസ്ഥർ 500 മീറ്ററോളം പിന്തുടർന്നാണ് തിലക് രാജിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
മൂഡുഷെഡ്ഡെയിലെ താമസക്കാരനാണ് തനിക്ക് കഞ്ചാവ്, ലൈറ്റർ, റോളിംഗ് പേപ്പറുകൾ എന്നിവ തന്നതെന്ന് പ്രതി കെഎസ്ഐഎസ്എഫ് ഇൻസ്പെക്ടർ എച്ച്.എൻ. സുഭാഷിനോട് പറഞ്ഞു. തടവുകാരനായ ലോയ് വെഗാസിന്റെ മൊബൈൽ നമ്പർ തനിക്ക് നൽകിയിരുന്നതായും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ആ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് അടുക്കള ഭാഗത്തേക്ക് എറിയാൻ നിർദേശം ലഭിച്ചത്.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിലക് രാജിനും തടവുകാരൻ ലോയ് വെഗാസിനുമെതിരെ ബാർക്കെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരവും കർണാടക ജയിൽ (ഭേദഗതി) ആക്ട് 2022 ലെ സെക്ഷൻ 42 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
.jpg)

