കായംകുളത്ത് എം.ഡി.എം.എയുമായി യുവാവ് പ്രതി പിടിയിൽ

കായംകുളം: മാരക മയക്കുമരുന്നുമായി ക്രിമിനൽ കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷങ്ങൾ വിലവരുന്ന 84 ഗ്രാം എം.ഡി.എം.എയുമായി വള്ളികുന്നം കടുവിനാൽ മലവിള വടക്കേതിൽ സഞ്ചുവാണ് (32) കായംകുളത്ത് പിടിയിലായത്.
ബംഗളൂരൂവിൽനിന്ന് ബസിൽ എത്തിയ ഇയാളെ കെ.എസ്.ആർ.ടി.സിക്ക് സമീപം കമലാലയം ജങ്ഷനിൽനിന്നാണ് പിടികൂടിയത്. വള്ളികുന്നത്തേക്ക് വാഹനം കാത്തുനിൽക്കവെ ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡ് വളയുകയായിരുന്നു.മയക്കുമരുന്നു വിൽപനയടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ വള്ളികുന്നം ഭാഗത്തെ പ്രധാന ലഹരി കച്ചവടക്കാരനാണ്.
ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീടാണ് പ്രധാന കച്ചവടകേന്ദ്രം. യുവാക്കൾ ഇയാളുടെ വീട്ടിൽ സംഘടിക്കുക പതിവായിരുന്നെങ്കിലും പലപ്പോഴും പൊലീസ് പരിശോധനയിൽ രക്ഷപ്പെടുകയായിരുന്നു. വിദഗ്ധമായി ഒളിപ്പിക്കുന്നതിനാൽ തൊണ്ടി കണ്ടെത്താൻ സാധിക്കാറില്ല.
ബംഗളൂരുവിൽനിന്ന് നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽ വിൽപന നടത്തുകയാണ് ചെയ്തിരുന്നത്.ഗ്രാമിന് 3000 മുതൽ 5000 രൂപക്കുവരെയാണ് വിറ്റിരുന്നത്. കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇറങ്ങിയത്.ഇതിനുശേഷം മൂന്നുതവണ ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ നാട്ടിലെത്തിച്ച് വിൽപന നടത്തിയിരുന്നു.