അനധികൃത മദ്യവില്പന നടത്തിയ യുവാവ് പിടിയിൽ

കുന്നംകുളം: അനധികൃത മദ്യവില്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ചൂണ്ടല്‍കുന്ന് കണത്തേടത്ത് വീട്ടില്‍ രാജേഷിനെയാണ് (35) കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫിസര്‍ യു.കെ. ഷാജഹാന്റെ നിർദേശപ്രകാരം എസ്.ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് അഞ്ച് കുപ്പികളിലായി സൂക്ഷിച്ച മൂന്നര ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശമദ്യം പിടിച്ചെടുത്തു.
രഹസ്യ വിവരത്തെത്തുടര്‍ന്ന് ചൂണ്ടല്‍ യു.പി സ്കൂള്‍ ഗ്രൗണ്ടിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതി സ്കൂട്ടറില്‍ മദ്യം വില്പന നടത്തുന്നത് ശ്രദ്ധയിൽപെട്ടത്. മദ്യവില്പനക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും മറ്റു വസ്തുക്കളും കസ്റ്റഡിയിലെടുത്തു.അബ്കാരി ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.